ലൈഫ് മിഷൻ വിവാദം: റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു

ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഫയലുകൾ ആവശ്യപ്പെട്ടു. നടപടിക്രമം പാലിക്കാതെയാണ് ഒപ്പിട്ടതെന്ന ആരോപണം ഉയർന്നതോടെയാണ് റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി തേടിയത്. നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് മുഖ്യമന്ത്രി വിളിപ്പിച്ചത്.

ലൈഫ് മിഷന്റെ ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശ ഭരണ വകുപ്പിലാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഈ സാഹചര്യത്തിലാണ് രണ്ട് വകുപ്പുകളിൽ നിന്നുള്ള ഫയലുകളും മുഖ്യമന്ത്രി വിളിപ്പിച്ചത്.

റെഡ് ക്രസന്റ് തയ്യാറാക്കി കൊണ്ടുവന്ന ധാരണാപത്രത്തിൽ ഒപ്പിട്ടിരിക്കുന്നത് ലൈഫ് മിഷൻ സിഇഒ യുവി ജോസാണ്. ഏകപക്ഷീയമായി റെഡ് ക്രസന്റ് തയ്യാറാക്കിയ ധാരണാപത്രം തിടുക്കത്തിൽ ഒപ്പിടുകയാണെന്ന് ആരോപണം ഉയർന്നിരുന്നു

തദ്ദേശ ഭരണവകുപ്പ് മന്ത്രി എ സി മൊയ്തീനും സംഭവത്തിൽ ഫയലുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്ന് കോൺഗ്രസിന്റെ എംഎൽഎ അനിൽ അക്കരെ പറഞ്ഞു. മന്ത്രിയെ രക്ഷപ്പെടുത്താനുള്ള അവസാന ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും കോൺഗ്രസ് എംഎൽഎ അക്കരെ പറഞ്ഞു.