വടക്കാഞ്ചേരി ലൈഫ് മിഷനിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; മറുപടി നൽകി മന്ത്രി മൊയ്തീൻ

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയം. മുഖ്യമന്ത്രിയുടെ ഓഫീസിലെയും ലൈഫ് മിഷനിലെയും ഉന്നത ഉദ്യോഗസ്ഥർ ഗൂഢാലോചനയും അഴിമതിയും നടത്തിയെന്ന ആരോപിച്ചാണ് നോട്ടീസ് നൽകിയത്.

ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്നും എഫ് ഐ ആർ റദ്ദാക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അടിയന്തര പ്രമേയം. കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയാണ് നോട്ടീസ് അവതരിപ്പിച്ചത്.

മന്ത്രി എ സി മൊയ്തിൻ അടിയന്തര പ്രമേയത്തിന് മറുപടി നൽകി. ലൈഫ് മിഷൻ ഇടപാടിൽ രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ലെന്നാണ് കോടതി വിധി പറയുന്നത്. സർക്കാരിനെ പ്രതികൂട്ടിൽ നിർത്തുന്നതല്ല വിധി. 140 വീടുകൾ നിർമിക്കാൻ യുഎഇ റെഡ് ക്രസന്റ് മുന്നോട്ടു വരികയായിരുന്നു. പദ്ധതിയെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും മന്ത്രി പറഞ്ഞു.