കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗം അന്തിമ തീരുമാനമെടുക്കും. വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്
കോളജുകൾ അടച്ചിട്ടേക്കും. പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം കുറയ്ക്കാനുള്ള നടപടികൾ വരും. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 50ൽ നിന്നും കുറക്കും. വാരന്താര്യ ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും ഏർപ്പെടുത്താനും സാധ്യതയുണ്ട്
അതേസമയം സമ്പൂർണ ലോക്ക് ഡൗൺ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. പ്രതിദിന വർധനവ് അരലക്ഷത്തിനും മുകളിൽ പോകുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് മെഡിക്കൽ കോളജ് അടക്കം പല ആശുപത്രികളും രോഗികളാൽ നിറഞ്ഞതും ചികിത്സയിൽ പ്രതിസന്ധിയുണ്ടാക്കിയേക്കും.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്താൽ മതിയെന്ന നിർദേശമാണ് സർക്കാരിന് നൽകിയിട്ടുള്ളത്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 192 ശതമാനത്തിന്റെ വർധനവാണുണ്ടായിട്ടുള്ളത്.