വിമാനത്താവളം അദാനിക്ക്‌ നൽകുന്നതിൽനിന്ന്‌ പിൻമാറണം; സംസ്‌ഥാനത്തിന്‌ നൽകിയ ഉറപ്പ്‌ കേന്ദ്രം പാലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം സംസ്ഥാന സര്‍ക്കാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും നിരവധി തവണ കത്തയച്ചിട്ടുള്ളതാണ് എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്‍മാറണമെന്നും സംസ്ഥാനത്തിന് തന്ന ഉറപ്പ് പാലിക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി സഭയില്‍ ആവശ്യപ്പെട്ടു. വിമാനത്താവള സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ പരോക്ഷമായി കേന്ദ്രത്തെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശശുദ്ധിയോടെയാണ് വിഷയത്തില്‍ ഇടപെട്ടത് . കേന്ദ്രസര്‍ക്കാറിനെ ന്യായീകരിക്കാന്‍ ശശി തരൂരിനെപോലുള്ളവര്‍ ഉണ്ടല്ലോ എന്നും അതെന്തിനാണ് തിരുവഞ്ചൂര്‍ ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ തെറ്റായ നിലപാട് സ്വീകരിച്ചാല്‍ അതിനെ എതിര്‍ക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ മര്യാദയുള്ള സര്‍ക്കാരാണെങ്കില്‍ കോടതിവിധി വന്ന ശേഷമെ തുടര്‍ നടപടി സ്വീകരിക്കാവുഎന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു