ആറു മാസത്തിനുശേഷം തിയറ്ററുകള്‍ തുറക്കുന്നു. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ തിയറ്ററുകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് തിയറ്റര്‍ ഉടമകള്‍ അറിയിച്ചു. മള്‍ട്ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയറ്ററുകളും തുറക്കാന്‍ തീരുമാനമായിട്ടുണ്ട്.
ഇന്ന് ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് 25ന് പ്രദര്‍ശനം ആരംഭിക്കാന്‍ തീരുമാനമായത്. മരക്കാര്‍, ആറാട്ട് അടക്കമുള്ള ചിത്രങ്ങള്‍ തിയറ്ററില്‍ തന്നെ പ്രദര്‍ശനത്തിനെത്തും. തിയറ്ററുകള്‍ തുറക്കുന്നതിനുമുന്നോടിയായി 22ന് ഉടമകള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തും.
25 മുതല്‍ സിനിമാശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ഈ മാസം ആദ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, നികുതി ഇളവ് അടക്കമുള്ള ആവശ്യങ്ങള്‍ തിയറ്റര്‍ ഉടമകള്‍ സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. വിനോദ നികുതി ഇളവ്, വൈദ്യുതി ഇളവ്, കെട്ടിട നികുതി ഇളവ് അടക്കമുള്ളവയാണ് ഉടമകള്‍ ആവശ്യപ്പെട്ടത്.
പകുതിപ്പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്‌സിനെടുക്കുകയും വേണം.