ഇനി ധനകാര്യം കൈകാര്യം ചെയ്യുന്നത് മുൻ ബാങ്ക് ഉദ്യോഗസ്ഥനായ ബാലഗോപാൽ; ഐസക്കുമായുള്ള അടുപ്പം പി രാജീവിന് വിനയായി

 

തിരുവനന്തപുരം: കെഎന്‍ ബാലഗോപാല്‍ സാമ്പത്തിക വിദഗ്ധനല്ലെങ്കിലും സാമ്പത്തികത്തിലെ സാധാരണക്കാരന്റെ ചിന്തകള്‍ അറിയാവുന്ന വിദഗ്ധന്‍ ആണ് . വിദ്യാഭ്യാസ ശേഷം ലഭിച്ച പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച്‌ മുഴുവന്‍സമയ പൊതുപ്രവര്‍ത്തകനായ കെ എന്‍ ബാലഗോപാല്‍ ഇനി ധനമന്ത്രി. എം. കോം, എല്‍ എല്‍ എം ബിരുദധാരിയാണ് ബാലഗോപാല്‍.പി രാജീവിനേയും ധനവകുപ്പിലേക്ക് പരിഗണിച്ചിരുന്നു.

എന്നാല്‍ തന്റെ പിന്‍ഗാമി രാജീവനായിരിക്കുമെന്ന് പരോക്ഷ സൂചനകളുമായി ധനമന്ത്രിയായിരുന്ന തോമസ് ഐസക് തന്നെ സംസാരിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് വ്യവസായത്തിലേക്ക് രാജീവിനെ മാറ്റുന്നതെന്നാണ് സൂചന. തോമസ് ഐസക് തന്റെ പിന്‍ഗാമിയി കണ്ട വ്യക്തിയെ ധനവകുപ്പില്‍ നിന്ന് ഒഴിവാക്കുന്നുവെന്നാണ് പൊതു സംസാരം

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത് ബാലഗോപാലിനെയായിരുന്നു. പിണറായി വിജയന്റെ അതിവിശ്വസ്തനായ നേതാവായിരുന്നു എന്നും ബാലഗോപാല്‍. എന്‍ എസ് എസുമായി ചേര്‍ന്നു നില്‍ക്കുന്ന കുടുംബ പശ്ചാത്തലവും ബാലഗോപാലിനുണ്ട്. എന്‍ എസ് എസിനെ സര്‍ക്കാരുമായി അടുപ്പിക്കുകയെന്ന ദൗത്യവും ബാലഗോപാലിന് ഏറ്റെടുക്കേണ്ടി വരും.

അങ്ങനെ പിണറായി മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനം ബാലഗോപാല്‍ സ്വന്തമാക്കുകയാണ്. പത്തനാപുരം കലഞ്ഞൂര്‍ ശ്രീനികേതനില്‍ പരേതരായ പി. കെ. നാരായണപ്പണിക്കരുടെയും ഒ.വി.രാധാമണി അമ്മയുടെയും മകന്‍. എം. കോം, എല്‍ എല്‍ എം ബിരുദധാരി. ഭാര്യ: കോളജ് അദ്ധ്യാപികയായ ആശാ പ്രഭാകരന്‍. മക്കള്‍: വിദ്യാര്‍ത്ഥികളായ കല്യാണി, ശ്രീഹരി.