യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് തിക്കോടി എന്ന നാട്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ രണ്ട് മനുഷ്യ ശരീരങ്ങളാണ് നിമിഷനേരം കൊണ്ട് കത്തിക്കരിഞ്ഞത്. കൃഷ്ണപ്രിയയെ തീ കൊളുത്തിയ ശേഷം നന്ദുവെന്ന യുവാവും സ്വയം തീ കൊളുത്തി. കൃഷ്ണപ്രിയയുടെ ചോറ്റുപാത്രം, ബാഗ്, നോട്ടുബുക്ക് ഒക്കെ പ്രദേശത്ത് ചിതറിക്കിടന്നു
പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു കൃഷ്ണപ്രിയ. പ്ലസ്ടുവും ഡിഗ്രിയും എംസിഎയും കഴിഞ്ഞു. ഡിസംബർ ഒമ്പതിനാണ് തിക്കോടി പഞ്ചായത്തിൽ പ്ലാനിംഗ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റായി താത്കാലിക ജോലി ലഭിച്ചത്. അച്ഛൻ മനോജിന് ഹൃദയസംബന്ധമായ അസുഖമായതിനാൽ കൃഷ്ണപ്രിയയുടെ ജോലി കുടുംബത്തിന് ഏറെ പ്രാധാന്യമുള്ളതായിരുന്നു
സിപിഎം കുറ്റിവയൽ ബ്രാഞ്ച് അംഗമാണ് കൃഷ്ണപ്രിയയുടെ അമ്മ സുജാത. സഹോദരൻ യദുകൃഷ്ണൻ വെസ്റ്റ് ഹിൽ ഗവ. പോളിടെക്‌നിക് വിദ്യാർഥിയും. ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണപ്രിയ വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരിച്ചു. കൊലപാതകിയായ നന്ദു ശനിയാഴ്ച പുലർച്ചെയോടെയും മരണത്തിന് കീഴടങ്ങി