ദുരൂഹതകളേറെ: കൊച്ചി വാഹനാപകട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

 

കൊച്ചിയിൽ മുൻ മിസ് കേരള വിജയികളടക്കം മൂന്ന് പേർ മരിച്ച വാഹനാപകട കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. എ സി ബി ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോലീസ് അന്വേഷണത്തെ കുറിച്ച് വിമർശനമുയർന്നതോടെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്

മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് മരിച്ചത്. കാറിന്റെ ഡ്രൈവർ അബ്ദുൽ റഹ്മാൻ മദ്യലഹരിയിലാണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ തങ്ങളുടെ കാറിനെ മറ്റൊരു കാർ പിന്തുടർന്നതാണ് അപകടത്തിന് വഴിവെച്ചതെന്ന് അബ്ദുൽ റഹ്മാൻ മൊഴി നൽകി

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഇവരുടെ കാറിനെ മറ്റൊരു കാർ പിന്തുടർന്നുവെന്ന് വ്യക്തമായി. ഇതോടെ കേസിൽ ദുരൂഹത ഉയരുകയും ചെയ്തു. ഇവർ പാർട്ടിയിൽ പങ്കെടുത്ത നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഒളിപ്പിച്ചതും ദുരൂഹത വർധിപ്പിച്ചു.

അപകടം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞാണ് ഹോട്ടലുടമ റോയിയെ ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും. അപ്പോഴേക്കും ഇവർ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ നശിപ്പിച്ചിരുന്നു. ഡിജെ പാർട്ടിക്കിടെ വാക്കു തർക്കമുണ്ടായതായും സിനമാ രംഗത്തെ ചില പ്രമുഖർ ഇതേസമയത്ത് ഹോട്ടലിൽ തങ്ങിയിരുന്നതായും റിപ്പോർട്ടുകൾ വന്നു. ഇതിനെല്ലാം ഉത്തരം തേടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റൈടുത്തിരിക്കുന്നത്.