സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയില്ലെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തൽ. ഡോ. എ കൗശികൻ അധ്യക്ഷനായ സമിതിയുടേതാണ് നിഗമനം. ഷോർട്ട് സർക്യൂട്ട് കാരണമുണ്ടായ തീപിടിത്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓഗസ്റ്റ് 25നായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുളള ആസൂത്രിത നീക്കമാണ് നടന്നതെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം അന്വേഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത്.
നേരത്തെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വിഭാഗവും, ഫയർ ഫോഴ്‌സും സമാനമായ റിപ്പോർട്ടാണ് സർക്കാരിന് നൽകിയത്. തീപിടിത്തത്തിൽ 25 ഫയലുകൾക്ക് മാത്രമാണ് നാശനഷ്ടമുണ്ടായതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ഈ ഫയലുകൾ പൂർണമായും നശിച്ചിട്ടില്ലെന്ന കണ്ടെത്തലിലേക്കാണ് സമിതി എത്തിയിരിക്കുന്നതെന്നും വിവരമുണ്ട്.