സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിലെ ആൾക്കൂട്ടം; പ്രവർത്തകർ ആവേശത്തിലായിരുന്നുവെന്ന് സതീശൻ

 

കെ സുധാകരൻ കെ പി സി സി പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങളൊക്കെ കാറ്റിൽപ്പറത്തി ആളുകൾ തടിച്ചു കൂടിയതിനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി ആസ്ഥാനത്തെ തിരക്ക് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിരുന്നതായും ഗേറ്റ് വരെ അടച്ച് തിരിക്കൊഴിവാക്കാൻ ശ്രമിച്ചിരുന്നതായും സതീശൻ പറഞ്ഞു

പ്രവർത്തകർ ആവേശത്തിലായിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് ഡിസിസി പ്രസിഡന്റുമാർ അടക്കമുള്ളവർ തലസ്ഥാനത്ത് എത്തിയിരുന്നു. ആളുകളെ നിയന്ത്രിക്കാനായി വാതിലിന് സമീപത്ത് വരെ ആൾക്കാരെ നിർത്തിയിരുന്നുവെന്നും സതീശൻ ന്യായീകരിച്ചു

സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സാമൂഹിക അകലമൊക്കെ പാലിച്ച് 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തെ കോൺഗ്രസ് രൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. മുന്നൂറോളം പേർ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നുവെങ്കിലും ഇത് രാഷ്ട്രീയ ആയുധമാക്കിയ അതേ കോൺഗ്രസ് തന്നെയാണ് സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിൽ ആയിരത്തോളം പേരെ പങ്കെടുപ്പിച്ചതും. അതും മാനദണ്ഡങ്ങളൊന്നും പാലിക്കാതെയും