നിങ്ങളോരോരുത്തരും ഞങ്ങളുടെ മനസ്സിലുണ്ട്; മഹാമാരി മാറും, നമ്മൾ ആഘോഷിക്കുക തന്നെ ചെയ്യും: മുഖ്യമന്ത്രി

 

കൊവിഡ് മഹാമാരിയുടെ തീവ്രത കുറയുമ്പോൾ ഇടതുസർക്കാരിന്റെ രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്ലാദവും നാം ഒരുമിച്ച് ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ ഓരോരുത്തരും ഞങ്ങളുടെ മനസ്സിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്‌റ്റേഡിയവും. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടി വരുന്നതുകൊണ്ടാണ് ജനങ്ങളുടെ അതിവിപുലമായ സാന്നിധ്യത്തെ നിയന്ത്രിക്കേണ്ടി വരുന്നത്

ഈ പരിമിതിയില്ലായിരുന്നുവെങ്കിൽ കേരളമാകെ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമെന്ന് ഞങ്ങൾക്കറിയാം. ഈ രണ്ടാമൂവം ചരിത്രത്തിൽ ആദ്യമെന്നവണ്ണം സാധ്യമാക്കിയവരാണ് നിങ്ങൾ. തുടങ്ങിവെച്ചതും ഏറെ മുന്നോട്ടു കൊണ്ടുപോയതുമായ ക്ഷേമ വികസന നടപടികൾ ആവേശപൂർവം തുടരണമെന്ന് വിധിയെഴുതിയവരാണ് നിങ്ങൾ. നിങ്ങളോരോരുത്തരും ഞങ്ങളുടെ മനസ്സിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്‌റ്റേഡിയവും.

ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ അത് അതിഗംഭീരമായി തന്നെ ആഘോഷിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ആ അവകാശത്തെ ആരും തടയില്ല. ഈ മഹാമാരി മാറും. അധികം വൈകാതെ അതിന്റെ തീവ്രത കുറയും. അതു കുറയുന്ന മുറയ്ക്ക് നാം ഒരുമിച്ച് ആഘോഷിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.