പത്രികാ സമര്‍പ്പണം 19ന് അവസാനിക്കും; സ്ഥാനാര്‍ത്ഥിക്ക് വേണ്ട യോഗ്യതകളും അയോഗ്യതകളും

കോഴിക്കോട്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയം മാര്‍ച്ച് 19ന് അവസാനിക്കുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രധാന യോഗ്യതകളും അയോഗ്യതകളും പരിശോധിക്കാം. യോഗ്യതകള്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്ന ദിവസം സ്ഥാനാര്‍ത്ഥിക്ക് 25 വയസ്സില്‍ കുറയാന്‍ പാടില്ല. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി സംവരണം ചെയ്ത മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥി പ്രസ്തുത വിഭാഗത്തില്‍ അംഗമായിരിക്കണം. മാത്രമല്ല, ജില്ലയില്‍ പ്രസ്തുത സംവരണ വിഭാഗത്തിന് നീക്കിവെച്ച മണ്ഡലത്തിലെ തന്നെ വോട്ടറുമായിരിക്കണം. ജനറല്‍ സീറ്റിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി സംസ്ഥാനത്തെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടറായിരിക്കണം.

അയോഗ്യതകള്‍ സ്ഥാനാര്‍ത്ഥി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നവരായിരിക്കരുത്. സ്ഥിരബുദ്ധി ഇല്ലാത്ത ആളോ അങ്ങിനെയാണെന്ന് കോടതി വിധിക്കപ്പെട്ടവരോ ആവരുത്. പാപ്പരാണെന്ന് കോടതി വിധിച്ചവര്‍, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍, മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം ലഭിച്ചവര്‍, പാര്‍ലമെന്റ് തയ്യാറാക്കിയ ഏതെങ്കിലും നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവര്‍ എന്നിവരും അയോഗ്യരാണ്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിരുന്ന സത്യപ്രസ്താവന കളവോ, വ്യാജമോ ആയിരുന്നാലും അയോഗ്യതയുണ്ടാവും. പട്ടികജാതിക്കാരനോ, പട്ടികവര്‍ഗക്കാരനോ അല്ലായെന്ന് പിന്നീട് എപ്പോഴെങ്കിലും തെളിയിക്കപ്പെടുകയും അപ്രകാരം പ്രഖ്യാപിക്കപ്പെടുകയോ ചെയ്താല്‍ അയോഗ്യതയുണ്ടാവും.

പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പേര് ശരിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വോട്ടര്‍ പട്ടികയിലെ ഫോട്ടോ ശരിയാണെന്നും പരിശോധിച്ച് ഉറപ്പിക്കണം. സ്വന്തം പേരിലോ അച്ഛന്റെയോ, അമ്മയുടെയോ ഭര്‍ത്താവിന്റെയോ പേരിലോ വിലാസത്തിലോ അക്ഷരത്തെറ്റോ, വയസ്, ലിംഗം എന്നിവ തെറ്റിയാലോ ഫോട്ടോയില്‍ പൊരുത്തക്കേട് ഉണ്ടെങ്കിലോ തെറ്റ് തിരുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. യഥാസമയം തെറ്റ് തിരുത്തിയില്ലെങ്കില്‍ സൂക്ഷ്മപരിശോധനാ സമയത്ത് മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് തടസവാദം ഉന്നയിക്കാനാവും. മാര്‍ച്ച് 19 ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് മണി വരെ വരണാധികാരികള്‍ മുമ്പാകെ പത്രിക സമര്‍പ്പിക്കാം. ഇത്തവണ ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.