ന്യൂഡൽഹി: കേരളത്തിന് അധികമായി 2,255 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്ര ധനവിനിയോഗ വകുപ്പ് അനുമതി നൽകി. 11 സംസ്ഥാനങ്ങൾക്കുമായി 15,721 കോടി രൂപയുടെ അധിക വായ്പാ അനുമതിയാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്.
സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ മൂലധന ചെലവിനായി കേന്ദ്രം നിശ്ചയിച്ച ലക്ഷ്യം കൈവരിച്ച 11 സംസ്ഥാനങ്ങൾക്കാണ് അനുമതി. വികസന പദ്ധതികൾക്കുളള ചെലവാണ് മൂലധന ചെലവായി കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. സംസ്ഥാന ജിഡിപിയുടെ 0.25 ശതമാനത്തിന് തുല്യമായ തുകയ്ക്കാണ് ഓരോ സംസ്ഥാനത്തിനും വായ്പയെടുക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്.
കേരളം, ഉത്താരഖണ്ഡ്, രാജസ്ഥാൻ, നാഗാലാൻഡ്, മേഘാലയ, മണിപ്പൂർ, ആന്ധ്രപ്രദേശ്, ബീഹാർ, ഛത്തീസ്ഗഡ്, ഹരിയാന, മധ്യപ്രദേശ് എന്നിവയാണ് അധിക വായ്പാ അനുമതി ലഭിച്ച സംസ്ഥാനങ്ങൾ.