കേരളാ കോൺഗ്രസ് എമ്മിന് വേണ്ടിയുള്ള നിയമപോരാട്ടത്തിൽ സുപ്രീം കോടതിയിലും പരാജയപ്പെട്ടതോടെ പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി പി ജെ ജോസഫ്. കേരളാ കോൺഗ്രസ് എം എന്ന പേര് ജോസ് കെ മാണി സ്വന്തമാക്കിയതോടെയാണ് നീക്കം.
തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാർട്ടിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകില്ല. എങ്കിലും പുതിയ പാർട്ടിയുടെ പേര് ഉടൻ പ്രഖ്യാപിച്ചേക്കും. കേരളാ കോൺഗ്രസ് എന്ന പേര് പുതിയ പാർട്ടിയിലുമുണ്ടാകും.
അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായില്ലെങ്കിൽ ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടി വരും. രജിസ്റ്റർ ചെയ്യാത്ത പാർട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കാനും സാധിക്കില്ല. അതിനാൽ നിലവിലുള്ള ഒരു പാർട്ടിയിൽ ലയിക്കാനും ജോസഫ് സാധ്യത തേടുന്നുണ്ട്
ചിഹ്നം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനാലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫിന് ചെണ്ട ചിഹ്നമായി ലഭിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് ലഭിക്കാൻ സാധ്യതയില്ല