ഇനി അകത്ത് കയറി നോക്കി വാങ്ങാം: ബെവ്കോ ഔട്ട്ലെറ്റുകൾ പരിഷ്കരിക്കാൻ ഒരുങ്ങി സർക്കാർ

 

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലുള്ള നീണ്ട ക്യൂ ഇനി പഴങ്കഥയാകും. ഒരു വര്‍ഷത്തിനകം സംസ്ഥാനത്തെ എല്ലാ മദ്യശാലകളും വോക്ക് ഇൻ സംവിധാനത്തിലേക്ക് പരിഷ്കരിക്കാൻ ഒരുങ്ങി സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷൻ. പുതുതായി തുറക്കുന്ന എല്ലാ മദ്യശാലകളും വോക്ക് ഇൻ രീതിയിൽ പ്രവർത്തിപ്പിക്കാനാണ് തീരുമാനം.

175 ഔട്ട്ലെറ്റുകൾ കൂടി തുറക്കാൻ അനുമതി തേടിയതിന് പിന്നാലെയാണ് ബെവ്കോ പുതിയ തീരുമാനം എടുത്തത്. പുതുതായി തുറക്കുന്ന ഈ മദ്യശാലകളിൽ എല്ലാം ബെവ്കോ വോക്ക് ഇൻ കൗണ്ടറുകൾ ഒരുക്കുമെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. കൂടാതെ നിലവിലുള്ള ഔട്ട്ലെറ്റുകളും ബെവ്കോ ഉടൻ വോക്ക് ഇൻ സംവിധാനത്തിലേക്ക് മാറ്റും. മദ്യശാലകളിൽ നിന്ന് വാങ്ങുന്ന മദ്യം കൊണ്ടുപോകാനായി തുണി സഞ്ചികളും ബെവ്കോ അവതരിപ്പിക്കും.

സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ മദ്യനയത്തിൽ ഇക്കാര്യം പ്രഖ്യാപിക്കും എന്നാണ് സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും ബെവ്കോ പുതിയ ഔട്ട്ലെറ്റുകള്‍ക്കായുള്ള സ്ഥലം കണ്ടെത്തുക. ഇതുവഴി നാട്ടുകാരുടെ പ്രതിഷേധം അടക്കമുള്ള പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്ന് ബെവ്കോ പ്രതീക്ഷിക്കുന്നു.