അയോധ്യാ വാസി ദശരഥ പുത്രൻ രാമന് സീറ്റ് ബെല്‍റ്റിടാത്തതിന് പെറ്റി; പുലിവാല്‍ പിടിച്ച് പോലീസ്

 

കൊല്ലം: വാഹനപരിശോധനയ്ക്കിടെ അയോധ്യയിലെ ദശരഥ പുത്രന് രാമനെക്കൊണ്ട് 500 രൂപ പെറ്റി അടപ്പിച്ച കേരള പോലീസ് പിടിച്ചത് പുലിവാല്‍. ചടയമംഗലത്ത് വാഹനപരിശോധനയ്ക്കിടെയാണ് പോലീസ് രാമനെക്കൊണ്ട് പെറ്റിയടപ്പിച്ചത്. കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് പോലീസ് ഫൈന്‍ അടപ്പിച്ചത്.

പെറ്റി അടയ്ക്കുന്നതിനായി പോലീസ് പേരും വിലാസവും ചോദിച്ചപ്പോള്‍ യാത്രക്കാരന്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയാണുണ്ടായത്. ഇതിന്റെ വീഡിയോ സാമൂഹ്യവാഹനങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെ പേര് വിവരങ്ങള്‍ നേരാംവണ്ണം ചോദിക്കാതെ പെറ്റിയടപ്പിച്ച ഗ്രേഡ് എസ്‌ഐ കുരുക്കിലുമായി.

യാത്രക്കാരനോട് പേരും അച്ഛന്റെ പേരും സ്ഥലവും ചോദിച്ചപ്പോള്‍ പറഞ്ഞത് പേര് രാമനെന്നും അച്ഛന്റെ പേര് ദശരഥനെന്നും സ്ഥലം അയോധ്യയാണെന്നും പറഞ്ഞു. ഇതെല്ലാം കുറിച്ചെടുത്ത പോലീസുകാരന്‍ 500 രൂപ ഫൈനും അടപ്പിച്ച് വിട്ടയച്ചു. ഇതില്‍ ചടയമംഗലം പോലീസിന്റെ സീല്‍ പതിച്ച രസീത് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. എന്തു പേരിലായാലും സര്‍ക്കാരിലേക്ക് പൈസ അടച്ചാല്‍ മതിയെന്ന പോലീസിന്റെ നിലപാട് ചോദ്യം ചെയ്യപ്പെട്ടതോടെ ഫൈന്‍ അടപ്പിച്ച ഗ്രേഡ് എസ്‌ഐ വെട്ടിലായിരിക്കുകയാണ്.