മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇരുവര്‍ക്കും ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. കരിപ്പൂർ വിമാനദുരന്ത പ്രദേശം സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്

വിമാന അപകടം നടന്നതിന് അടുത്ത ദിവസമാണ് മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ സന്ദര്‍ശിച്ച മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.

മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. ആരോഗ്യവകുപ്പ് തയ്യാറാക്കിയ സമ്പര്‍ക്കപ്പട്ടികയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമുണ്ടായിരുന്നത്.