കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടകൾ തുറക്കാനാകാതെ വ്യാപാരികൾ വൻ കടക്കെണിയിലേക്കാണ് പോകുന്നത്. സാമൂഹ്യ സാമ്പത്തിക യാഥാർഥ്യങ്ങൾ മുഖ്യമന്ത്രി മനസ്സിലാക്കണം.
ലോണുകൾ എടുത്തവർക്കെല്ലാം റിക്കവറി നോട്ടീസുകൾ ലഭിക്കുകയാണ്. കട തുറക്കാനാകാതെ എങ്ങനെ തിരിച്ചടവ് പറ്റുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തെരഞ്ഞെടുപ്പിന് മുമ്പുള്ള ലോക്ക് ഡൗൺ സമയത്ത് മൊറട്ടോറിയം അടക്കം നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നു. എന്നാൽ ഇത്തവണ അതൊന്നും കാണുന്നില്ല. മനുഷ്യൻ ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുകയാണോ, ഇത് കേരളമാണെന്ന് മറക്കരുതെന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.