തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇൻകം ടാക്സ് സംഘം എന്‍ഐഎ ഓഫീസിലെത്തി. സ്വപ്നയിൽ നിന്നും സന്ദീപിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ഇരുവരുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പരിശോധന നടത്തുക. സ്വര്‍ണക്കടത്ത് കേസിൽ നിര്‍ണായകബന്ധമുള്ള രണ്ട് പ്രതികളാണ് സ്വപ്നയും സന്ദീപും എന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സ്വര്‍ണക്കടത്ത് നടത്തിയത്.
അതേ സമയം ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്ന ഒരു ബാഗ് കൂടി എന്‍ഐഎ കണ്ടെടുത്തിരുന്നു. ഈ ബാഗ് സന്ദീപ് ഒളിപ്പിക്കാൻ ശ്രമിച്ചിരുന്നു. ബാഗില്‍ ചില നിര്‍ണായക വിവരങ്ങള്‍ അടങ്ങിയിരിക്കുന്നതായാണ് വിവരം. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ ബാഗ് തുറന്ന് പരിശോധിക്കുന്നതിന് വേണ്ടി എൻഐഎ കോടതിയിൽ അപേക്ഷ നൽകും. കോടതി നിർദ്ദേശപ്രകാരമാണ് നടപടി. ഇന്ന് തന്നെ ഇക്കാര്യത്തിൽ കോടതി നിലപാട് സ്വീകരിക്കുമെന്നാണ് വിവരം.
പ്രതികൾ ഇതിനുമുമ്പും ഇതേമാർഗത്തിൽ സ്വർണക്കടത്ത് നടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ജൂൺ മാസം മാത്രം നയതന്ത്രചാനൽ വഴി ഇവർ കടത്തിയത് 27 കിലോ സ്വർണമാണെന്നാണ് കണ്ടെത്തൽ. ഈ സ്വർണം എവിടെയാണ് എത്തിയതെന്നും ആരാണ് ഒളിപ്പിച്ചത് എന്നും അന്വേഷിക്കുകയാണ് കസ്റ്റംസ്. സന്ദീപ് നായരാണ് ഈ സ്വർണം ഒളിപ്പിച്ചിരിക്കുന്നത് എന്നാണ് കസ്റ്റംസിന് ലഭിക്കുന്ന സൂചനകൾ.