തുറന്നയിടങ്ങളിലെ പരിപാടികളിൽ 300 പേർക്കും ഹാളുകളിൽ 150 പേർക്കും ഒരേസമയം പങ്കെടുക്കാൻ അനുമതി

 

തിരുവനന്തപുരം: തുറന്ന ഇടങ്ങളിൽ നടത്തുന്ന പൊതുപരിപാടികളിൽ പരമാവധി 300 പേരെയും ഹാളുകൾ പോലെ അടച്ചിട്ട സ്ഥലങ്ങളിൽ നടത്തുന്ന പരിപാടികൾക്ക് പരമാവധി 150 പേരെയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരപരമായ കലാരൂപങ്ങൾ നടത്തുവാനും അനുമതി നൽകി. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് തുറന്ന ഇടങ്ങളിൽ പരമാവധി 200 പേർക്കും അടഞ്ഞ ഇടങ്ങളിൽ പരമാവധി 100 പേർക്കും അനുമതിയെന്ന നിലവിലെ നില തുടരും,

അനുവദനീയമായ ആളുകളുടെ എണ്ണം ലഭ്യമായ സ്ഥലത്തിന് ആനുപാതികമായിരിക്കണം. ശബരിമലയിൽ കഴിഞ്ഞദിവസം ചില ഇളവുകൾ അനുവദിച്ചിരുന്നുവെങ്കിലും അവിടെ ഒരു തരത്തിലും ജാഗ്രതക്കുറവ് പാടില്ലെന്നും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അത് വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിൽ ബന്ധപ്പെട്ട ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്ത് 97 ശതമാനം പേർ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.