പത്മനാഭ സ്വാമി ക്ഷേത്രം ; രാജകുടുംബത്തിന്റെ അവകാശം ശരിവെച്ച് സുപ്രീം കോടതി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച കേസില്‍ രാജകുടുംബത്തിന് അനുകൂലമായ വിധിയുമായി സുപ്രീം കോടതി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. ക്ഷേത്രം ഭരണത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവെച്ചു.

ഭരണചുമതല താത്കാലിക ഭരണസമിതിക്ക് സുപ്രീം കോടതി വിട്ടു. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായി താത്കാലിക ഭരണസമിതി രൂപീകരിക്കും. പുതിയൊരു കമ്മിറ്റി വരുന്നതുവരെ സമിതി ഭരണം തുടരും. രാജകുടുംബത്തിന്റെ അപ്പീല്‍ അംഗീകരിച്ചാണ് വിധി

2019 ഏപ്രില്‍ പത്തിന് വാദം പൂര്‍ത്തിയാക്കിയ കേസില്‍ ഒരു വര്‍ഷത്തിന് ശേഷമാണ് സുപ്രീം കോടതി വിധി പറഞ്ഞത്. എട്ട് അംഗങ്ങളുള്ള ഭരണസമിതി രൂപീകരിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

വിധി പ്രസ്താവം നടന്നുകൊണ്ടിരിക്കുകയാണ്. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, യു യു ലളിത് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറയുന്നത്. വിധിയുടെ പൂര്‍ണരൂപം ലഭ്യമായെങ്കില്‍ മാത്രമേ നിബന്ധനകളെ കുറിച്ച് അറിയാനാകൂ.

പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്ന നിലപാടാണ് രാജകുടുംബം കേരളാ ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമ്പോള്‍ രാജകുടുംബം ഈ നിലപാട് തിരുത്തി പൊതുക്ഷേത്രം എന്നാക്കി മാറ്റിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ വിധി