21ാം തീയതി മുതൽ സ്‌കൂളുകൾ വൈകുന്നേരം വരെ; ശനിയാഴ്ചയും പ്രവൃത്തിദിവസം

 

ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആദ്യ ആഴ്ച  ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ. പകുതി കുട്ടികൾക്ക് വീതമായിരിക്കും ക്ലാസുകൾ. ശനിയാഴ്ചയും പ്രവർത്തി ദിവസമായിരിക്കും.

എന്നാൽ ഈ മാസം 21 മുതൽ എല്ലാ ക്ലാസുകളും വൈകിട്ടുവരെ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളെല്ലാം ക്ലാസിൽ എത്തണം. എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 16ന് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് ടുവിലും പത്തിലും പൂർത്തിയാക്കിയ പാഠ ഭാഗങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു

ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങൾ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും സ്‌കൂളുകൾ പൂർണമായും പ്രവർത്തി ദിനമായിരിക്കും. 21ന് സ്‌കൂൾ സാധാരണ നിലയിലാകുന്നതുവരെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്ക് വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസ് ഉച്ചയ്ക്ക് ശേഷമായിരിക്കും ഉണ്ടാകുക.