പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഒരാൾക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ല

ഇടുക്കിയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ എത്തിയ മാധ്യമ സംഘത്തിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇയാളുമായി ഹൈ റിസ്‌ക് കോണ്ടാക്ടിൽ വന്ന 26 പേരിൽ 12 പേരുടെ ഫലം നെഗറ്റീവാണ്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല.

സമ്പർക്കപ്പട്ടികയിലുള്ള എല്ലാ മാധ്യമപ്രവർത്തകരും ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയാണ് വന്നത്. നേരത്തെ തന്നെ മാധ്യമപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയതാണ്. അതിനാൽ തന്നെ വിവിധ പ്രദേശങ്ങളിൽ പോകുമ്പോൾ ജാഗ്രത പാലിക്കണം.

പെട്ടിമുടിയിലെ ദുരന്തസ്ഥലത്തേക്ക് നിരവധി പേർ സംസ്ഥാനം കടന്നുവരുന്നുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം. പെട്ടിമുടിയിലെ രക്ഷാപ്രവർത്തകർക്ക് നടത്തിയ സെന്റിനൻസ് സർവേയിൽ ആലപ്പുഴയിൽ നിന്നുള്ള ഒരു ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് എല്ലാവരെയും പരിശോധനക്ക് വിധേയരാക്കിയത്.

ദേശീയ ദുരന്തനിവാരണ സേനയിൽ നിന്നുള്ള ഉദ്യോഗസ്ഥനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. രാജമല എസ്‌റ്റേറ്റിൽ പ്രത്യേക കൊവിഡ് പരിശീലനാ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.