എൻ സി പിയുടെ മുന്നണി മാറ്റത്തിൽ ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. മാണി സി കാപ്പൻ എന്തുവന്നാലും മുന്നണി മാറുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അന്തിമ പ്രഖ്യാപനം ശരദ് പവാറും പ്രഫുൽ പട്ടേലും തമ്മിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചക്ക് ശേഷമായിരിക്കും. തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടതായി ടിപി പീതാംബരൻ മാസ്റ്റർ ഇന്നലെ അറിയിച്ചിരുന്നു
എ കെ ശശീന്ദ്രന്റെ കടുത്ത എതിർപ്പിനിടെയാണ് ദേശീയ നേതൃത്വം ഇന്ന് തീരുമാനം പ്രഖ്യാപിക്കാനിരിക്കുന്നത്. പാലാ സീറ്റ് എൻസിപിക്ക് നൽകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് മുന്നണി മാറ്റ ചർച്ച സജീവമായത്. പാലായിൽ തന്നെ മത്സരിക്കുമെന്നാണ് മാണി സി കാപ്പൻ പറയുന്നത്. യുഡിഎഫ് സ്ഥാനാർഥിയായി കാപ്പൻ വരുമെന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞു
കാപ്പനെ കോൺഗ്രസ് നേതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ന് പ്രഖ്യാപനം വന്നാൽ ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ എത്തുമ്പോൾ മാണി സി കാപ്പനെ സ്വീകരിക്കും. ഇതടക്കം വ്യക്തമാക്കിയുള്ള നോട്ടീസ് നേതാക്കൾക്ക് എത്തിച്ചിട്ടുണ്ട്. തുറന്ന വാഹനത്തിൽ മാണി സി കാപ്പനെ സ്വീകരിക്കാനും ആയിരത്തോളം പ്രവർത്തകർ അകമ്പടി സേവിക്കുമെന്നുമാണ് നോട്ടീസിലുള്ളത്.