ഇടുക്കി എൻജിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന് വിട ചൊല്ലി നാടും നാട്ടുകാരും പാർട്ടി പ്രവർത്തകരും. ഇടുക്കിയിൽ നിന്ന് ഉച്ചയോടെ ആരംഭിച്ച വിലാപയാത്ര രാത്രി ഒരു മണിയോടെയാണ് കണ്ണൂർ തളിപ്പറമ്പിലെ ജന്മനാട്ടിലെത്തിയത്. അർധരാത്രി കഴിഞ്ഞിട്ടും നൂറുകണക്കിന് ആളുകളാണ് പ്രിയ സഖാവിനെ അവസാനമായി ഒന്ന് കാണാനായി ഇവിടെ തടിച്ചു കൂടിയിരുന്നത്.
വൈകാരികമായ നിമിഷങ്ങളാണ് പാലക്കുളങ്ങരയിലെ വീട്ടുപരിസരത്ത് കണ്ടത്. ദുഃഖം സഹിക്കാനാകാതെ അലമുറയിടുന്ന മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ പാർട്ടി പ്രവർത്തകരും നാട്ടുകാരും നിസഹായരായി. പാർട്ടി പ്രവർത്തകരും ധീരജിന്റെ സുഹൃത്തുക്കളും നിറകണ്ണുകളുമായി നിൽക്കുകയായിരുന്നു.
രാത്രി രണ്ട് മണിയോടെ തളിപ്പറമ്പിലെ വീടിന് സമീപത്തെ പറമ്പിലാണ് ധീരജിന്റെ സംസ്‌കാരം നടന്നത്. മന്ത്രി എം വി ഗോവിന്ദൻ, മുൻ മന്ത്രി ഇ പി ജയരാജൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവർ സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷിയായി.