കൂനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികന്‍ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തൃശൂർ പൊന്നൂക്കരയിലുള്ള വസതിയില്‍ വച്ചായിരുന്നു സംസ്കാരച്ചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരടക്കം ആയിരക്കണക്കിനാളുകളാണ് പ്രദീപിനെ അവസാനമായി ഒരു നോക്കുകാണാന്‍ അദ്ദേഹത്തിന്‍റെ വസതിയിലും പുത്തൂര്‍ ഗവര്‍മെന്‍റ് സ്കൂളിലുമായി തടിച്ച് കൂടിയത്. മന്ത്രിമാരായ കെ.രാജൻ, കെ. കൃഷ്ണൻകുട്ടി , ആർ ബിന്ധു, കെ രാധാകൃഷ്ണൻ എം.എൽ.എ മാർ, എം.പി മാർ തുടങ്ങി നിരവധി പ്രമുഖര്‍ പ്രദീപിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഇന്ന് ഉച്ചയോടെ സൂലൂർ വ്യോമതാവളത്തിൽ നിന്ന് റോഡ് മാർഗം വാളയാർ അതിർത്തിയിൽ എത്തിച്ച മൃതദേഹം മന്ത്രിമാർ ചേർന്നാണ് ഏറ്റുവാങ്ങിയത്. വാളായാറിൽ നിന്ന് പ്രദീപിന്‍റെ മൃതദേഹവുമായുള്ള വിലാപയാത്ര ജന്മനാടായ തൃശൂരിലെ പൂത്തൂരിലെത്തി. ശേഷം മൃതദേഹം പുത്തൂര്‍ ഗവര്‍മെന്‍റ് സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു.
തൃശൂർ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍റെ മകനായ പ്രദീപ് രണ്ട് ദിവസം മുമ്പ് കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്. ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കൾക്കുമൊപ്പം കോയമ്പത്തൂർ സൈനിക ക്വാർട്ടേഴ്സിലായിരുന്നു താമസം. അച്ഛന്‍റെ ചികിത്സാ ആവശ്യത്തിനായി നാട്ടില്‍ എത്തിയ പ്രദീപ്, തിരികെ ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടമുണ്ടായത്. ഭൗതിക ശരീരം ഡൽഹിയിൽ എത്തിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ടുവന്നത്.
പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയശേഷം 2002ലാണ് പ്രദീപ് വ്യോമസേനയിൽ ചേർന്നത്. വെപ്പൺ ഫിറ്റർ ആയാണ് നിയമിക്കപ്പെട്ടത്. പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഛത്തീസ്ഗഢിലെ മാവോവാദികൾക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. 2018ൽ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽനിന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹസേവനം കാഴ്ചവെച്ചു. ഒട്ടേറെ ജീവനുകൾ രക്ഷിച്ച ആ ദൗത്യസംഘത്തെ രാഷ്ട്രപതിയും സംസ്ഥാന സര്‍ക്കാരും അഭിനന്ദിക്കുകയുണ്ടായി.
പൊന്നൂക്കരയില്‍ താന്‍ പഠിച്ച സ്‌കൂളുമായും അംബലവുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പ്രദീപ് നാട്ടുകാര്‍ക്ക് ഏവര്‍ക്കും സുപരിചിതനായിരുന്നു. പ്രളയസമയത്തെ രക്ഷാപ്രവർത്തനങ്ങളടക്കം നാട്ടിലെ ജനസേവനപ്രവര്‍ത്തനങ്ങളുടെയൊക്കെ മുന്‍നിരയില്‍ പ്രദീപ് എപ്പോഴുമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. നാടിന്‍റെ പ്രിയപുത്രന്‍റെ വിയോഗത്തില്‍ ദുഖസാന്ദ്രമാണ് പുത്തൂര്‍ ഗ്രാമം.