കൊവിഡ് രോഗി മരിച്ചതായി അറിയിപ്പ്; ആശുപത്രിയിൽ എത്തിയപ്പോൾ ‘മരിച്ചയാൾ’ ചികിത്സയിൽ തുടരുന്നു

 

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. ഇന്നലെ രാത്രിയാണ് രോഗി മരിച്ചതായി ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

ആശുപത്രിയിൽ നിന്നും ലഭിച്ച വിവരപ്രകാരം വീട്ടുകാർ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തി. ആംബുലൻസുമായി ആശുപത്രിയിൽ എത്തുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് രമണൻ ജീവിച്ചിരിക്കുന്നതായും വെന്റിലേറ്ററിൽ തുടരുകയാണെന്നും മനസ്സിലായത്.

മരണവിവരം ആശുപത്രിയിൽ നിന്ന് അറിയിച്ചതുപ്രകാരം ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തുകയും ആദരഞ്ജലി പോസ്റ്ററുകൾ അടക്കം അടിച്ച് നാട്ടിൽ പതിക്കുകയും ചെയ്തിരുന്നു. സംഭഴത്തിൽ ശക്തമായ നടപടിയുണ്ടാകുമന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.