കേരളാ കോൺഗ്രസ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പി ജെ ജോസഫ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെന്നാണ് ജോസഫ് ആരോപിക്കുന്നത്.
450 സംസ്ഥാന സമിതി അംഗങ്ങളിൽ 305 പേരെ മാത്രം കണക്കിലെടുത്തുള്ള തീരുമാനം നിയമവിരുദ്ധമാണ്. 2019 ജൂൺ 16ലെ സംസ്ഥാന സമിതി യോഗത്തിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടെന്നാണ് ജോസ് കെ മാണിയുടെ വാദം. ഈ യോഗം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ജോസഫ് ഹർജിയിൽ പറയുന്നു
അതേസമയം ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾക്ക് വേഗത വർധിച്ചിട്ടുണ്ട്. ജോസ് പക്ഷമെത്തിയാൽ കോട്ടയത്ത് ഗുണകരമാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പ്രതികരിച്ചു. ജോസഫിനേക്കാൾ കൂടുതൽ സ്വാധീനം ജോസ് വിഭാഗത്തിനുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ