സംസ്ഥാനത്ത് ഈ മാസം 4.6 ലക്ഷം കൊവിഡ് കേസുകൾ വരെ റിപ്പോർട്ട് ചെയ്‌തേക്കാമെന്ന് കേന്ദ്രസംഘം

കൊവിഡ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രസംഘം. കേരളത്തിൽ ഈ മാസം 20 വരെ 4.6 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തേക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെയുള്ള കാലയളവ് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

കേരളത്തിലെ എട്ട് ജില്ലകൾ സന്ദർശിച്ച ശേഷമാണ് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്. അഞ്ച് കാര്യങ്ങളിലാണ് പ്രധാനമായും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ വീണ്ടും രോഗം വരുന്നത് തെക്കൻ സംസ്ഥാനങ്ങളിൽ കൂടുതലായി കാണുന്നത് പരിശോധിക്കണം.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ വീണ്ടും രോഗം വരുന്നത് തെക്കൻ സംസ്ഥാനങ്ങളിൽ കൂടുതലായി കാണുന്നത് പരിശോധിക്കണമെന്ന് കേന്ദ്ര സംഘം പറഞ്ഞു. ഇതിന് ഉദാഹരണമായി കേന്ദ്ര സംഘം ചൂണ്ടിക്കാട്ടിയത് പത്തനംതിട്ട ജില്ലയാണ്. പത്തനംതിട്ടയിൽ ആദ്യ ഡോസ് സ്വീകരിച്ച 14,974 പേർക്കും, രണ്ട് ഡോസ് സ്വീകരിച്ച 5,042 പേർക്കും രോഗബാധയുണ്ടായി.

കോൺടാക്ട് ട്രെയ്‌സിംഗ് കുറവായതിനാലാണ് മലപ്പുറത്തും പത്തനംതിട്ടയിലും ടിപിആർ ഉയരുന്നത്. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രസർക്കാർ മാർഗനിർദേശപ്രകാരമല്ല. വടക്കൻ ജില്ലകളിൽ 70 മുതൽ 90 ശതമാനം വരെ കിടക്കകളിൽ രോഗികളുണ്ട്. തെക്കൻ ജില്ലകളിൽ 40 മുതൽ 60 ശതമാനം വരെയും.

വീട്ടിനകത്തെ പകർച്ച കേരളത്തിൽ കൂടുതലാണ്. വീട്ടുനിരീക്ഷണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും കേന്ദ്രസംഘം പറയുന്നു.