സിക കേരളത്തിലെത്തിയത് അപ്രതീക്ഷിതമായല്ലെന്നും കേരളത്തില്‍ ഈഡിസ് ഈജിപ്‌തൈ കൊതുകുകളുടെ സാന്ദ്രത കൂടുതലാണെന്നും ഇത് ഗുരുതരമായ രോഗമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഗര്‍ഭിണികളെ ബാധിച്ചാല്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ച മുരടിക്കുന്ന ജന്മവൈകല്യം ഉണ്ടാകും.
അപൂര്‍വമായി സുഷുമ്‌ന നാഡിയെയും ബാധിക്കും. സിക്ക വൈറസ് ബാധിച്ച ഗര്‍ഭിണിയുടെ കുഞ്ഞിന് കേരളത്തില്‍ ആരോഗ്യപ്രശ്‌നം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ കൊതുക് അധിക ദൂരം പറക്കില്ല. വീടുകളുടെ പരിസരത്ത് ഉണ്ടാകും.
വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം ശുചിയാക്കണം. കൊതുക് പെറ്റുകിടക്കുന്ന അവസരം ഒഴിവാക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ എല്ലാ വീട്ടിലും നടത്തണം.
കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകില്‍ നിന്നും രക്ഷ തേടണം. വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഇവ വീട്ടിലേക്ക് കടന്ന് മനുഷ്യരെ കടിക്കുന്നത്.