സി.പി.എം സംസ്ഥാന സമ്മേളനത്തിന് മാറ്റമില്ല. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാർച്ച് 1 മുതൽ 4 വരെ എറണാകുളത്തുവെച്ച് സംസ്ഥാന സമ്മേളനം നടത്താന്‍ സി.പി.എം ധാരണയായി. മാറ്റിവെച്ച ആലപ്പുഴ ജില്ലാ സമ്മേളനവും ഈ മാസം 15, 16 തിയതികളിൽ നടത്തും.
നേരത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സി.പി.എം സമ്മേളനം നീട്ടിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്ഥാനത്ത് കോവിഡ് ഫെബ്രുവരിയോടെ കൂടുതല്‍ തീവ്രമാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ച്ചില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം മാറ്റിവെക്കുമെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍.
കോവിഡ് വ്യാപകമായ സമയത്ത് സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ നടത്തിയത് പരക്കെ വിമര്‍ശനവിധേയമായിരുന്നു. ഈ പശ്ചാത്തലത്തില്‍ പരമാവധി വിവാദം ഒഴിവാക്കി സംസ്ഥാന സമ്മേളനം നടത്തുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ച് വെല്ലുവിളിയാണ്. നേരത്തെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ ചുരുക്കിയിരുന്നു.