തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ മാസികയായ ഫിനാഷ്യല്‍ ടൈംസിന്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയില്‍ ഇടംപിടിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയും.
ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍, ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍, അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്, അമേരിക്കയിലെ രാഷ്ട്രീയ നേതാവ് സ്‌റ്റേസി അബ്രാംസ് എന്നിവര്‍ക്കൊപ്പമാണ് കെ കെ ശൈലജയേയും വായനക്കാര്‍ തിരഞ്ഞെടുത്തത്. വായനക്കാര്‍ നോമിനേറ്റ് ചെയ്ത നൂറുകണക്കിന് പേരുകളില്‍ നിന്നാണ് കെ കെ ശൈലജ 12 അംഗ പട്ടികയില്‍ ഇടം നേടിയത്.
എല്ലാ ഡിസംബര്‍ മാസത്തിലും പതിവായി പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്. ബയോന്‍ടെക് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഒസ്ലെം ടുറെസി, ബെലറേഷ്യന്‍ രാഷ്ട്രീയ നേതാവ് സ്വെറ്റ്‌ലെന ടിഖനോവ്‌സ്‌കയ, തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍, അന്തരിച്ച അമേരിക്കന്‍ സുപ്രിം കോടതി ജഡ്ജി റുത് ബാഡര്‍ ഗിന്‍സ്‌ബെര്‍ഗ്, അമേരിക്കന്‍ രാഷ്ട്രീയ നേതാവ് അലക്‌സാണ്ട്രിയ ഒകാസിയോ, സംഗീതജ്ഞ ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും കഴിഞ്ഞ മാസം ശൈലജടീച്ചര്‍ സ്വന്തമാക്കിയിരുന്നു.