നിയമസഭ തിരഞ്ഞെടുപ്പ്: 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട്

കൊവിഡ് പശ്ചാത്തലത്തില്‍ 2021ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്‌സെന്റി വോട്ടേഴ്‌സിന് തപാല്‍ വോട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആബ് സെന്റി വോട്ടര്‍മാരെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. ഇതനുസരിച്ച് 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് പോസിറ്റീവ് ആയ വ്യക്തികള്‍, പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ എന്നിവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം. ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതിനായി പ്രദേശിക തലത്തില്‍ ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍ തുടങ്ങിയ ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമായി കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആബ്‌സെന്റി വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കി പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കായി അപേക്ഷാ ഫോറം വീടുകളില്‍ വിതരണം ചെയ്യും.