കേരളത്തില്‍ വരുന്നത് വന്‍ ദേശീയപാതാ വികസനം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

 

റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ ബദല്‍ സംവിധാനം വേണമെന്ന ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യം ഫലം കണ്ടു, ഏറ്റവും തിരക്കേറിയ തൃശൂര്‍ കുറ്റിപ്പുറം പാതയില്‍ എടപ്പാള്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായി. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചത്. ദേശീയപാത വികസനത്തിന് സര്‍ക്കാര്‍ നല്‍കുന്നത് വലിയ പ്രാധാന്യമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

മലപ്പുറം ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിര്‍മ്മിച്ച ആദ്യ മേല്‍പ്പാലമാണിത്. കിഫ്ബിയില്‍ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിര്‍മ്മാണം.രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയില്‍ 259 മീറ്റര്‍ നീളത്തിലാണ് എടപ്പാള്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം. എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട് തൃശൂര്‍ റോഡിന് മുകളിലൂടെയാണ് മേല്‍പ്പാലം ഒരുക്കിയിരിക്കുന്നത്. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് എടപ്പാള്‍ മേല്‍പ്പാല നിര്‍മ്മാണം.