എം ശിവശങ്കറിനെതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍

തിരുവനന്തപുരം: മുന്‍കൂര്‍ അനുമതില്ലാതെ പുസ്തകം എഴുതി ചട്ടലംഘനം നടത്തിയെന്ന് ആരോപണം നേരിടുന്ന എം ശിവശങ്കറിനെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടായേക്കില്ല. സര്‍ക്കാരിനേയോ സര്‍ക്കാര്‍ നയങ്ങളേയോ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളൊന്നും ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തില്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

1968ലെ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ച് സര്‍വീസിലിരിക്കെ ഒരു ഐ എ എസ് ഉദ്യോഗസ്ഥന് പുസ്തകം എഴുതുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. എന്നാല്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ എഴുതുന്ന പുസ്തകത്തില്‍ സര്‍ക്കാറിന്റെ നയങ്ങളെയോ, സര്‍ക്കാറിനെയോ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ നടപടി സ്വീകരിക്കാം. ഇത് പ്രകാരമാണ് മുന്‍ ഡി ജി പി ജേക്കബ് തോമസിന്റെ പുസ്തകം (‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’) പുറത്തിറങ്ങിയപ്പോള്‍ നടപടി സ്വീകരിക്കേണ്ടിവന്നത്. അതേസമയം എം ശിവശങ്കറിന്റെ പുസ്തകത്തില്‍ സര്‍ക്കാറിനെതിരേ വിമര്‍ശനമില്ലെന്നാണ് വിലയിരുത്തല്‍.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ശിവശങ്കറിന്റെ പുസ്തകത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരേയും മാധ്യമങ്ങള്‍ക്കെതിരേയുമാണ് പ്രധാന വിമര്‍ശനം. ഈ പശ്ചാത്തലത്തിലാണ് തത്ക്കാലം നടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ശിവശങ്കറിനെതിരേ ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നാല്‍ നടപടിയെക്കുറിച്ച് പുനരാലോചിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.