വൈറ്റില പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്ന കേസ്: നിപുൺ ചെറിയാൻ ഒഴികെ മറ്റ് മൂന്ന് പേർക്ക് ജാമ്യം

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്ന് കൊടുത്ത സംഭവത്തിൽ വി ഫോർ കേരള നേതാവ് നിപുൺ ചെറിയാൻ ഒഴികെ മറ്റ് മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കേസുകൾ ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നിപുണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

പഴയ കേസുകളിൽ ജാമ്യ വ്യവസ്ഥ നിപുൺ ലംഘിച്ചതായി കോടതി നിരീക്ഷിച്ചു. സൂരജ്, ആഞ്ചലോസ്, റാഫേൽ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. ഇന്നലെ അറസ്റ്റിലായ ഷക്കീർ അലി, സാജൻ അസീസ്, ആന്റണി ആൽവിൻ എന്നിവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

25,000 രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് മൂന്ന് പ്രതികൾക്ക് ജാമ്യം നൽകിയത്. പതിനാറായിരം രൂപ വിലയുള്ള 11 ബാരിക്കേഡുകൾ പ്രതികൾ നശിപ്പിച്ചെന്നും ഇതുവരെ ഒരുലക്ഷത്തി ഏഴുപത്തിയാറായിരം രൂപ നഷ്ടം സംഭവിച്ചതായും പോലീസ് കോടതിയിൽ രേഖ സമർപ്പിച്ചിരുന്നു.