കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി; വാക്‌സിനേഷൻ ലക്ഷ്യത്തിലേക്ക്

സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ നിലയിലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വാക്‌സിൻ വിതരണം ലക്ഷ്യത്തിലേക്ക് എത്തുന്നുണ്ട്. എങ്കിലും ജനങ്ങൾ ജാഗ്രതയും പ്രതിരോധവും കൈവിടരുത്.

സംസ്ഥാനത്തെ പ്രായപൂർത്തിയായവരിൽ 95 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. 53 ശതമാനം പേർ ഇതിനോടകം രണ്ട് ഡോസും സ്വീകരിച്ചു. ജനുവരിയോടെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനത്തിലേക്ക് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

കുട്ടികൾക്കായുള്ള സൈഡസ് കാഡിലയുടെയും ഭാരത് ബയോടെകിന്റെയും വാക്‌സിനുകൾക്ക് ഐസിഎംആർ അംഗീകാരം ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ വാക്‌സിനേഷന് അനുമതി ലഭിച്ചാൽ അതിനുവേണ്ട മുന്നൊരുക്കങ്ങളും സംസ്ഥാന സർക്കാർ നട്തതും.

ശക്തവും ശാസ്ത്രീയവുമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. നവംബർ പകുതിയോടെ എട്ടാം ക്ലാസ് മുതൽ മുകളിലുള്ളവരും സ്‌കൂളുകളിലേക്ക് എത്തും. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും തുറക്കും. എങ്കിലും കുട്ടികളുടെ വാക്‌സിനേഷൻ പൂർത്തിയാക്കിയാൽ മാത്രമേ സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാനാകൂവെന്നും മന്ത്രി വ്യക്തമാക്കി.