പെരിന്തല്‍മണ്ണ: കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശി മുഹമ്മദിന്റെ ചികില്‍സയ്ക്കു വേണ്ടി ഒരാഴ്ച കൊണ്ട് 18 കോടി രൂപ സ്വരൂപിച്ചത് കേരളത്തിന്റെ കനിവ് കാത്ത് ഒരു കുരുന്നുജീവന്‍ കൂടി. മാട്ടൂലിലെ മുഹമ്മദിനു ബാധിച്ച അതേ അസുഖമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ് എംഎ) ബാധിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ഇംറാന്‍ മുഹമ്മദിനും ചികില്‍സയ്ക്കു വേണ്ടി ആവശ്യമായി വരുന്നത് 18 കോടി രൂപയാണ്. ഒരു ഡോസ് മരുന്നിന് 18 കോടി രൂപയെന്നത് ഊഹിക്കാന്‍ പോലുമാവാത്ത കുടുംബത്തെ സഹായിക്കാന്‍ കര്‍മസമിതി രൂപീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ഫണ്ട് ശേഖരണം തുടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ചലനശേഷി നശിക്കുന്ന അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി കാരണം ഇംറാന്‍ മുഹമ്മദ് മൂന്നു മാസമായി കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെയും കാംപയിന്‍ ശക്തമാക്കുന്നുണ്ട്.
പെരിന്തല്‍മണ്ണ വലന്‍പുര്‍ കുളങ്ങരപറമ്പില്‍ ആരിഫ്-റമീസ തസ്‌നി ദമ്പതികളുടെ മകന്‍ ഇംറാന്‍ മുഹമ്മദിന് വെറും ആറുമാസമാണ് പ്രായം. അത്യപൂര്‍വ രോഗം ബാധിച്ച കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവന്‍രക്ഷാ മരുന്നായ 18 കോടി രൂപയുടെ മരുന്ന് തന്നെയാണ് വേണ്ടതെന്നാണ് ഡോക്ടര്‍മാരും വിധിയെഴുതിയത്. ഇതുവരെ സ്വരൂപിക്കാനായത് 30 ലക്ഷം രൂപയോളമാണ് സ്വരൂപിക്കാനായത്. മാട്ടൂലിലെ മുഹമ്മദ് എന്ന ഒന്നര വയസ്സുകാരനു വേണ്ടി കൈകോര്‍ത്ത കേരളം ഇംറാനു വേണ്ടിയും സുമനസ്സ് കാണിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സമാന രോഗത്തിന് ലക്ഷദ്വീപ് കടമത്ത് സ്വദേശി കൊട്ടാരം പി കെ നാസര്‍-ഡോ. എം ജസീന ദമ്പതികളുടെ നാലുമാസം മാത്രം പ്രായമായ ഇശാല്‍മറിയത്തിനു വേണ്ടിയും ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. ഇംറാന്‍ മുഹമ്മദിനു വേണ്ടി സുമനസ്സുകള്‍ രംഗത്തിറങ്ങണമെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു.
ഇംറാന്‍ മുഹമ്മദ് ചികില്‍സാ ഫണ്ടിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:
പേര്: ആരിഫ്
ബ്രാഞ്ച്: ഫെഡറല്‍ ബാങ്ക്, മങ്കട
അക്കൗണ്ട് നമ്പര്‍: 16320100118821
ഐഎഫ്എസ് സി: FDRL0001632
ഗൂഗിള്‍ പേ: 8075393563
ഫോണ്‍: 8075393563