മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി ; മൂന്ന് പേർ അറസ്റ്റിൽ

തൃശ്ശൂരിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സുഹൃത്തിനെ മൂവർ സംഘം ചവിട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. നിലത്തിട്ട് ചവിട്ടിയ ശേഷം കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മനക്കൊടി മാമ്പുള്ളിൽ രാജേഷ്(50)ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഇയാളുടെ സുഹൃത്തുക്കൾ കൂടിയായ ഉണ്ണികൃഷ്ണൻ, ഫൈസൽ, കാര്യാടൻ ഷിജു എന്നിവർ അറസ്റ്റിലായി. പടിഞ്ഞാറേക്കോട്ടയിലെ പണിതീരാത്ത ഷോപിംഗ് കോംപ്ലക്സിലാണ് രാജേഷിന്റെ മൃതദേഹം കണ്ടത്.

രണ്ട് ദിവസം മുമ്പ് ഇവർ നാല് പേരും ചേർന്ന് പടിഞ്ഞാറേക്കോട്ട കള്ളുഷാപ്പിൽ ഇരുന്ന് മദ്യപിച്ചിരുന്നു. ഉണ്ണികൃഷ്ണന്റെ പോക്കറ്റിൽ നിന്ന് രാജേഷ് ബലം പ്രയോഗിച്ച് 50 രൂപ എടുത്തതിനെ തുടർന്ന് വാക്കു തർക്കമുണ്ടായി. ഇനി പടിഞ്ഞാറേക്കോട്ട ഭാഗത്തേക്ക് വരരുതെന്ന് രാജേഷിനെ താക്കീത് ചെയ്തു. എന്നാൽ ഇന്നലെ പടിഞ്ഞാറേക്കോട്ടയിൽ എത്തിയ രാജേഷിനെ പ്രതികൾ ചേർന്ന് മർദിക്കുകയും കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.