പോളിംഗ് അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി

സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി. കണ്ണൂർ കൂത്തുപറമ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ പൊലീസ് പിടിയിലായി. മണ്ണാര്‍ക്കാടും കളമശ്ശേരിയിലും കാട്ടാക്കടയിലും കള്ളവോട്ട് പരാതി ഉയര്‍ന്നു. തമിഴ്നാട്ടിൽ നിന്നെത്തിയവരെ ഇരട്ടവോട്ട് ആരോപിച്ച് ഇടുക്കിയിൽ തടഞ്ഞു. ആലപ്പുഴയിൽ ഹെൽമറ്റ് ധരിച്ചെത്തിയയാള്‍ ഇരട്ടവോട്ടിന് ശ്രമിച്ചുവെന്നും പരാതി. അതേസമയം, തപാല്‍ വോട്ട് ദുരുപയോഗം ചെയ്തെന്ന് സംസ്ഥാനത്ത് വ്യാപക പരാതിയാണ് ഉയരുന്നത്.
കൂത്തുപറമ്പ് കണ്ണംപൊയിൽ 84 നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനാണ് പൊലീസ് പിടിയിലായത്. ഇതിന് പിന്നാലെ സ്ഥലത്ത് എൽഡിഎഫ് – ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷമുണ്ടായി. പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ നീക്കി. സംസ്ഥാനത്ത് മറ്റ് ചിലയിടങ്ങളിലും കള്ളവോട്ട് നടന്നുവെന്ന് പരാതി ഉയര്‍ന്നു.
കോഴിക്കോട് ചെക്യാട് പഞ്ചായത്തിലെ പാറക്കടവിലും കള്ളവോട്ടിന് ശ്രമം നടന്നു. പിടിക്കപ്പെട്ടതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. നാദാപുരം നിയോജക മണ്ഡലത്തിലെ 44-ാം നമ്പർ ബൂത്തിലാണ് സംഭവം. ഗൾഫിൽ ജോലി ചെയ്യുന്ന പൊന്നക്കോട്ട് മുഹമ്മദിന്റെ വോട്ട് ചെയ്യാനാണ് മറ്റൊരു യുവാവ് എത്തിയത്. തിരിച്ചറിയൽ കാർഡ് ഇയാളിൽ നിന്ന് വാങ്ങി പ്രിസൈഡിംഗ് ഓഫീസർ പരിശോധിക്കുന്നതിനിടെ വോട്ട് ചെയ്യാനെത്തിയത് വ്യാജ വോട്ടറാണെന്ന് ബൂത്ത് ഏജന്റുമാർ തിരിച്ചറിഞ്ഞു. ഇതോടെ യുവാവ് ഓടി രക്ഷപ്പെട്ടു.
തിരുവനന്തപുരം കള്ളിക്കാട്  22 ആം ബൂത്തിലും കള്ളവോട്ടിന് ശ്രമമുണ്ടായി. കള്ളിക്കാട് സ്വദേശി ബൈജുവിന് പകരം മറ്റൊരാൾ വോട്ട് ചെയ്യാൻ ശ്രമിച്ചു. തന്റെ നമ്പർ വിളിക്കുന്നത് കേട്ട്  യഥാർത്ഥ വോട്ടർ പരാതിയുമായി എത്തിയതോടെ കള്ളവോട്ട് ശ്രമം തടഞ്ഞു. തുടർന്ന് യഥാർത്ഥ വോട്ടർക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചു. കള്ളവോട്ട് ചെയ്യാന്‍ വന്ന വ്യക്തിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുവാൻ പ്രസൈഡിങ്ങ് ഓഫീസർ തയ്യാറായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ആരോപിച്ച് വാഹനം തടയുകയും തമിഴ്തോട്ടം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി നേതാവിനെതിരെ കേസെടുത്തു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ബിനു അമ്പാടിക്കെതിരെയാണ് കേസെടുത്തത്. സംഘർഷമുണ്ടായ സാഹചര്യത്തിൽ അന്വേഷണത്തിനായി സ്റ്റേഷനിൽ എത്തിച്ച തൊഴിലാളികളെ വിട്ടയച്ചു. ഇവർ ഉടുമ്പൻചോലയിലെ വോട്ടർമാറാണെന്നും ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെയാണ് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.