ഹൈടെക്കായ 111 പൊതുവിദ്യാലയങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്തെ ഹൈടെക്കായ 111 സ്ക്കൂളുകള്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു. പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ സമൂഹത്തിലെ എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വി ദ്യാഭ്യാസം ഉറപ്പു വരുത്തുകയെന്നുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഹൈടക്കായ 111 പൊതു വിദ്യാലയങ്ങള്‍ നാടിന് സമര്‍പ്പിച്ചത്.

നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല വിപ്ലവകരമായ മാറ്റവും മുന്നേറ്റവുമാണ് പിന്നിട്ട നാലര വര്‍ഷക്കാലത്തിനുള്ളില്‍ കൈവരിച്ചത്. പൊതുസമൂഹത്തിന് സര്‍ക്കാര്‍ വിദ്യാലയങ്ങളോടും സംസ്ഥാനത്തെ വിദ്യാഭ്യാസ രീതികളോടും സംവിധാനങ്ങളോടും ഉള്ള കാഴ്ചപ്പാടും മാറി പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഗണ്യമായ വര്‍ധനവും ഉണ്ടായി.എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലുള്‍പ്പെടെ പ്രകടമായ മാറ്റമാണുണ്ടായത്.