നിപ വൈറസ്: മരിച്ച 12 കാരന്‍ റമ്പൂട്ടാന്‍ പഴം കഴിച്ചിരുന്നതായി വിവരം

 

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച ചാത്തമംഗലത്തെ 12കാരന്‍ റമ്പൂട്ടാന്‍ പഴം കഴിച്ചിരുന്നതായി ബന്ധുക്കള്‍ കേന്ദ്ര സംഘത്തിനു വിവരം നല്‍കി. കോഴിക്കോട് ചാത്തമംഗലം മുന്നൂരിലാണ് കേന്ദ്രസംഘം എത്തിയത്. കുട്ടി റമ്പൂട്ടാന്‍ പഴം കഴിച്ചു എന്ന വിവരത്തിന്റെ  പശ്ചാത്തലത്തില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകള്‍ എത്തിയ ഇടമാണോ എന്ന് പരിശോധിച്ച് വൈറസ് ബാധ വവ്വാലുകളില്‍ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയും.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗത്തിലുള്ള ഡോക്ടര്‍മാരാണ്  കേന്ദ്രസംഘത്തിലുള്ളത്.  കുട്ടികളുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരെ കണ്ട് ഇവര്‍ വിവരങ്ങള്‍ ആരാഞ്ഞു.  കുട്ടി കഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങള്‍ തുടങ്ങിയവക്കുറിച്ചൊക്കെ സംഘം ചോദിച്ചറിഞ്ഞു.

കര്‍ശനമായ ജാഗ്രത പുലര്‍ത്തണമെന്നും സമാനലക്ഷണം ഉണ്ടെങ്കില്‍ എത്രയുംപെട്ടെന്ന് ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും  നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളിലും പരിസരങ്ങളിലും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ചും തുടര്‍ന്ന് എടുക്കേണ്ട നടപടികള്‍ സംബന്ധിച്ചും കേന്ദ്രസംഘം നേരിട്ട് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

മരിച്ച കുട്ടിയുടെ വീടിനു മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ചാത്തമംഗലം പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്‍മെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.