ബാങ്ക് വഴിയുള്ള പണമിടപാടുകളില്‍ കര്‍ശന നിരീക്ഷണം; ഒരു ലക്ഷം രൂപയിലധികം തുക അയച്ചാല്‍ പിടിവീഴും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വഴിയുള്ള പണമിടപാടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് പ്രകാരം ഒരു ലക്ഷം രൂപയിലേറെ വരുന്ന, ദുരൂഹവും അസാധാരണവുമായ
ഇടപാടുകള്‍ സംബന്ധിച്ച് ബാങ്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ബാങ്കുകള്‍ ദൈനംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ആര്‍ടിജിഎസ് വഴി ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റ് പല വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതും അറിയിക്കണം. സത്യവാങ്മൂലത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും പ്രസ്താവിക്കുന്ന ജീവിത പങ്കാളിയുടെയോ മറ്റ് അടുത്ത വ്യക്തികളുടെയോ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷത്തിനു മുകളില്‍ ഇടപാട് നടക്കുന്നുവെങ്കില്‍ ഇക്കാര്യവും അറിയിക്കണം. രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപമോ പിന്‍വലിക്കലോ ഉണ്ടായാലും അറിയിക്കണം.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പണം നല്‍കി വോട്ട് വാങ്ങുന്ന പ്രവണതകള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഈ നീക്കം. ഓരോ സ്ഥാനാര്‍ത്ഥിക്കും തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാവുന്ന പരമാവധി തുക നിയന്ത്രിച്ചിട്ടുണ്ട്. ഈ നിയന്ത്രണം മറികടന്ന് പണം ചെലവഴിക്കുന്നത് തടയാനും സ്വഭാവിക രീതിയിലുള്ള തെരഞ്ഞെടുപ്പ് ഫലത്തെ പണം വഴി അട്ടിമറിക്കാനുള്ള സാധ്യത മറികടക്കാനുമാണ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.