13കാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ധൻ ഡോ. ഗിരീഷിന് ആറ് വർഷം തടവും പിഴയും

 

ചികിത്സക്കെത്തിയ 13കാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ മനോരോഗ വിദഗ്ധൻ ഡോക്ടർ ഗിരീഷിന്(58) ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവുശിക്ഷ അനുഭവിക്കണം.

സംസ്ഥാനത്ത് പോക്‌സോ കേസിൽ ഒരു ഡോക്ടർ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്. 2017 ആഗസ്റ്റ് 14ന് പ്രതിയുടെ സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് സംഭവം. പഠനത്തിൽ ശ്രദ്ധക്കുറവുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് കുട്ടിയുമായി ഡോക്ടർ ഗിരീഷിന്റെ ക്ലിനിക്കിലെത്തിയത്. കുട്ടിയുടെ മാതാപിതാക്കളെ പുറത്താക്കിയ ശേഷം ഇയാൾ കുട്ടിയോട് സംസാരിച്ചു.

സംസാരത്തിനിടെ പ്രതി പലതവണയായി കുട്ടിയെ ചുംബിക്കുകയും സ്വകാര്യ ഭാഗത്ത് പിടിക്കുകയും ചെയ്തു. ഇതാരോടെങ്കിലും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലേക്ക് മടങ്ങവെ കുട്ടി ഭയന്നിരിക്കുന്നത് കണ്ട വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡന വിവരം പറയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ മുഖാന്തരം പോലീസിൽ പരാതി നൽകുകയായിരുന്നു

ചികിത്സക്കെത്തിയ മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച കേസും ഇയാൾക്കെതിരെയുണ്ട്. ഇതിന്റെ വിചാരണ അടുത്ത മാസം തുടങ്ങും. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസും ഇയാൾക്കെതിരെയുണ്ട്.