പ്രോസിക്യൂഷൻ വാദങ്ങൾക്ക് ഹൈക്കോടതിയിൽ രേഖാമൂലം മറുപടി നൽകി ദിലീപ്

 

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചനാ കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് ഹൈക്കോടതിയിൽ രേഖാമൂലം മറുപടി നൽകി പ്രതി ദിലീപ്. താൻ സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും വിദേശത്തുള്ള ആലുവയിലെ വ്യവസായി സലീമിന്റെ മൊഴിയെടുക്കാതെയാണ് ആരോപണമുന്നയിക്കുന്നതെന്ന് ദിലീപ് പറഞ്ഞു.

നിയമവിരുദ്ധമായ ഒരു പ്രവർത്തി ചെയ്യുവാൻ രണ്ടോ അതിലധികം പേരോ ചേർന്ന് ഒരു ധാരണയിലെത്തുന്നതാണ് ക്രിമിനൽ ഗൂഢാലോചന. എംജി റോഡിലെ മേത്തർ ഫ്ളാറ്റിൽ ഗൂഢാലോചന നടന്നുയെന്നത് വാസ്തവ വിരുദ്ധമാണ്. മുൻ ഭാര്യ മഞ്ജു വാര്യർക്ക് മേത്തർ ഹോമിൽ ഫ്ളാറ്റില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു. പ്രത്യേക കോടതി വളപ്പിൽ വച്ച് 2017 ഡിസംബറിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തി എന്ന ആരോപണവും കെട്ടിച്ചമച്ചതാണ്.

ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്ന ദിവസം വിചാരണ കോടതിയിൽ കേസുണ്ടായിരുന്നില്ല. 2018 ഫെബ്രുവരിയിലാണ് അങ്കമാലി കോടതിയിൽ നിന്നും പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയതെന്നും ദിലീപ് മറുപടിയിൽ പറയുന്നു. ഇക്കാര്യങ്ങൾ കൊണ്ട് തന്നെ തനിക്കെതിരായ ക്രിമിനൽ ഗൂഢാലോചന എന്ന കുറ്റം നിലനിൽക്കില്ലെന്നും ദിലീപ് മറുപടിയിൽ പറഞ്ഞു.