ഗ്രീന്‍ ക്ലീന്‍ കേരള പദ്ധതി: സംസ്ഥാനതല പ്രഖ്യാപനം നാളെ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും

 

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ നട്ട് സംരക്ഷിക്കുന്നതിന് വിഭാവനം ചെയ്ത ‘ഗ്രീന്‍ ക്ലീന്‍ കേരള’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം ലോക പരിസ്ഥിതി ദിനമായ നാളെ (ജൂണ്‍ 5) രാവിലെ 11 മണിക്ക് വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും.
സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ സംരക്ഷിച്ച്‌ ഓരോ മൂന്നു മാസത്തെയും വളര്‍ച്ച പ്രകടമാകുന്ന ഫോട്ടോ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച്‌ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗമായ യു.എന്‍.ഇ.പി.(യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാം) യിലേക്ക് കേരളത്തിന്റെ സംഭാവനയായി സമര്‍പ്പിക്കാന്‍ ലക്ഷ്യമിടുന്ന മല്‍സരമാണിത്.
ഗ്രീന്‍ ക്ലീന്‍ കേരള എന്ന യൂട്യൂബ് ചാനലിലൂടെ ലൈവ് ആയി പരിപാടി കാണാം.
സ്വന്തം പറമ്ബിലോ പൊതുസ്ഥലത്തോ വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കാന്‍ തയ്യാറുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പദ്ധതി വിജയിപ്പിക്കുവാനായി കേരളത്തിലെ വിദ്യാലയങ്ങളും റസിഡന്‍സ് അസോസിയേഷനുകളും സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും തമ്മില്‍ ആരോഗ്യകരമായ മല്‍സരം സംഘടിപ്പിക്കുകയാണ്.
സ്വര്‍ണ്ണ നാണയങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, സോളാര്‍ ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പഠനോപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സൗജന്യ പെട്രോള്‍ കാര്‍ഡുകള്‍, ഫലവൃക്ഷ തൈകള്‍ മുതലായവയാണ് സമ്മാനങ്ങള്‍. കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹരിതകേരളം മിഷന്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യ വനവല്‍കരണ വിഭാഗം, മണ്ണു സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, കുടുംബശ്രീ, എന്‍.എസ്.എസ്, എസ്.പി.സി ,സേവ്, ഐ.സി.ഡി.എസ് മുതലായവയുടെ സഹകരണത്തോടെ ജീസം ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. മികച്ച പ്രകടനം നടത്തുന്ന ടീമിനും ജില്ലക്കും സ്വര്‍ണ്ണപ്പതക്കവും ഹരിത പുരസ്‌കാരവും നല്‍കും. www.GreenCleanearth.org വെബ്സൈറ്റിലൂടെ മത്സരത്തില്‍ പങ്കെടുക്കാം. കഴിഞ്ഞ മത്സരങ്ങളിലെ വിജയികള്‍ക്ക് അന്നേദിവസം സമ്മാനങ്ങള്‍ നല്‍കുകയും പുതിയ മല്‍സരങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യും.
ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് ചെയര്‍ പേഴ്സന്‍ കാനത്തില്‍ ജമീല എംഎല്‍എ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍, ഗ്രീന്‍ ക്ലീന്‍ കേരള ചെയര്‍മാന്‍ ബാബു പറശ്ശേരി, കണ്‍വീനര്‍ മുഹമ്മദ് ഇഖ്ബാല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസര്‍ ടിറ്റൊ ജോസഫ്, സാമൂഹ്യ വനവല്‍കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജോഷില്‍, ജെ.ആര്‍.സി സംസ്ഥാന പ്രസിഡണ്ട് ജ്യോതിഷ് നായര്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സ്റ്റേറ്റ് ഓര്‍ഗനൈസര്‍ ഷീല ജോസഫ് ,ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രകാശ്.പി ജെ.ആര്‍.സി ജില്ലാ പ്രസിഡന്റ് രാജേന്ദ്രന്‍, വടയക്കണ്ടി നാരായണന്‍, ബഷീര്‍ വടകര, സല്‍മാന്‍ മാസ്റ്റര്‍, ഇസ്മായില്‍ മാസ്റ്റര്‍, പ്രൊഫസര്‍ ശോഭീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 11 മണിക്ക് നടക്കുന്ന ലൈവ് പ്രോഗ്രാമിലൂടെ സംഘടിപ്പിക്കുന്ന വില്ലിങ്‌നെസ് കമന്റ് മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം.