നടൻ ധർമജൻ ബോൾഗാട്ടിയെ മത്സരിപ്പിക്കരുതെന്ന ആവശ്യമുന്നയിച്ച് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി. കെപിസിസി പ്രസിഡന്റിന് നൽകിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ധർമജനെ മത്സരിപ്പിക്കുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന് കത്തിൽ പറയുന്നു
നടിയെ ആക്രമിച്ച കേസടക്കം ചർച്ചയാകുന്ന സാഹചര്യത്തിൽ ധർമജനെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നും കത്തിൽ പറയുന്നു. ബാലുശ്ശേരി മുസ്ലിം ലീഗിൽ നിന്ന് ഏറ്റെടുത്താണ് കോൺഗ്രസ് അവിടെ ധർമജനെ മത്സരിപ്പിക്കാനൊരുങ്ങുന്നത്.
മുസ്ലിം ലീഗിന് കുന്ദമംഗലം സീറ്റ് നൽകിയാണ് കോൺഗ്രസ് ബാലുശ്ശേരി ഏറ്റെടുക്കുന്നത്. സിനിമാ നടനായ ധർമജനെ മത്സരിപ്പിച്ചാൽ സീറ്റ് പിടിക്കാമെന്ന മോഹമാണ് കോൺഗ്രസിനുള്ളത്.