1553 പേര്‍ക്ക് കൂടി കോവിഡ്, 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിൽ 1391 പേർക്കും സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1950 പേരാണ് രോഗമുക്തരായത്. കോവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത് 10 മരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 30342 സാമ്പിളുകൾ പരിശോധിച്ചു. 21516 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടെ 30342 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് നിലവിൽ 21,516 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. രാജ്യത്ത് ഒറ്റ ദിവസത്തെ കൊവിഡ് കേസുകളുടെ എണ്ണം 83,883 ആയി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 1043 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലാകെ കൊവിഡ് കേസുകളുടെ എണ്ണം 38.54 ലക്ഷമായി. 8.16 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. മരണസംഖ്യ 67400ൽ എത്തി നിൽക്കുന്നു. തതുല്യമായ വർധന കേരളത്തിൽ ഇല്ലെങ്കിലും ഇവിടുത്തെ സ്ഥിതിയും ആശ്വാസത്തിന് വക നൽകുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി പോസിറ്റിവായ കേസുകളിൽ കുറവുണ്ട്. എന്നാലത് ജാഗ്രത കുറയ്ക്കാനുള്ള സൂചനയല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓണം അവധിയും മറ്റുമായിരുന്നു. അതിനാൽ ആളുകൾ പൊതുവെ പരിശോധനക്ക് പോകാൻ വിമുഖത പ്രകടിപ്പിച്ചു. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും അടക്കം ടെസ്റ്റിന്റെ എണ്ണത്തിൽ കുറവുണ്ടായി. പൊതുവിൽ ടെസ്റ്റിന്റെ എണ്ണം കുറഞ്ഞതു കൊണ്ടുമാണ് കേസുകളുടെ എണ്ണവും കുറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.