കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർണാടക, തമിഴ്‌നാട് അതിർത്തികളിൽ പരിശോധിക്കുന്നു

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും പോകുന്ന യാത്രക്കാർക്ക് പരിശോധന. ഇടുക്കി, തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ പോലീസ്, റവന്യു, ആരോഗ്യ വകുപ്പ് അധികൃതർ ചേർന്നാണ് പരിശോധന നടത്തുന്നത്

ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് തവണ വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമാണ് കടത്തിവിടുന്നത്. തിരുവനന്തപുരം അതിർത്തിയായ ഇഞ്ചിവിളയിലും തമിഴ്‌നാട് പരിശോധന തുടങ്ങി. വാളയാർ ചെക്ക് പോസ്റ്റിൽ അഞ്ചാം തീയതി മുതൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. അഞ്ചാം തീയതിക്ക് ശേഷം ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടില്ല

ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ കേരളത്തിൽ നിന്നെത്തുന്നവരെ കൊവിഡ് സെന്ററിലേക്ക് മാറ്റുമെന്ന് കർണാടക അറിയിച്ചു. മലയാളികൾക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കും. നെഗറ്റീവ് പരിശോധനാ ഫലമില്ലാതെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കില്ല.