സി കെ ജാനുവിന് ഒരു രൂപ പോലും നൽകിയിട്ടില്ല; ന്യായീകരണവുമായി കെ സുരേന്ദ്രൻ

 

സുൽത്താൻ ബത്തേരിയിലെ എൻ ഡി എ സ്ഥാനാർഥിയായിരുന്ന സി കെ ജാനുവിന് ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പത്ത് ലക്ഷം രൂപ ജാനുവിന് നൽകാമെന്ന് കെ സുരേന്ദ്രൻ സമ്മതിക്കുന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷൻ ന്യായീകരണവുമായി രംഗത്തുവന്നത്

സി കെ ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ഒരു രൂപ പോലും കൊടുത്തിട്ടില്ല. ജാനു മത്സരിച്ച മണ്ഡലത്തിൽ ഏത് മണ്ഡലത്തെയും പോലെ നിയമാനുസൃതമായ കാര്യങ്ങൾ നടന്നിട്ടുണ്ട്. ആദിവാസി നേതാവായതു കൊണ്ടാണോ ജാനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു

ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടുണ്ട്. ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ലെന്ന് പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവൻ ഭാഗവും പുറത്തുവിട്ടാലെ കാര്യങ്ങൾ വ്യക്തമാകൂ. സി കെ ജാനുവിന് എന്നെയോ എന്നേക്കാൾ മുകളിലുള്ള നേതാവിനെയോ വിളിക്കാൻ ആരുടെയും സഹായം ആവശ്യമില്ല. ഇപ്പോൾ പുറത്തുവന്ന ഓഡിയോ അവരുടെ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുടെ ഭാഗമാണ്.

എന്നെ ആക്ഷേപിക്കാനാണെങ്കിൽ വേറെ വഴികളുണ്ട്. നിങ്ങൾ ആക്ഷേപിക്കുന്നത് കേരളത്തിലെ ആയിരക്കണക്കിന് ദളിതർക്കും ആദിവാസികൾക്കും വേണ്ടി പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.